മലയാളി താരം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഒരു ബോളിവുഡ് സൂപ്പർ നായികയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ ബോൾഡും സ്റ്റൈലിഷുമായാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ, പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർത്താണ് ശ്രീദേവി ബംഗ്ലാവിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 4 മ്യൂസിക്സാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ബാബു രത്നമാണ്. ശ്രീദേവി ബംഗ്ലാവ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.