മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം മാർച്ച് 26ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് അടുക്കുന്ന ഈ വേളയിൽ ചിത്രമെടുക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് പ്രിയദർശൻ. കാലാപാനി എന്ന ചിത്രത്തിനുശേഷം തീരുമാനിച്ചിരുന്ന ഒരു ചിത്രമാണ് മരയ്ക്കാർ എങ്കിലും പിന്നീട് ചില കാരണങ്ങൾ മൂലം അത് നടക്കാതെ പോയി എന്നും അതിനു ശേഷം ഇപ്പോൾ നമുക്ക് ഇത് ചെയ്യാം എന്ന് തന്നോട് പറഞ്ഞത് മോഹൻലാൽ ആണെന്നും പ്രിയദർശൻ പങ്കുവെക്കുന്നു.
പ്രിയദർശന്റെ വാക്കുകളിൽ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ പ്രോത്സാഹനം. താനും മോഹൻലാലും ഒക്കെ ഒരുപോലെ സിനിമയിൽ വളർന്നു വന്നവരാണെന്നും നമുക്ക് പ്രായം ആവുക അല്ലേ വാർദ്ധക്യത്തിൽ നമുക്ക് ഓർത്തിരിക്കാൻ ഒന്നു രണ്ട് ചിത്രങ്ങൾ വേണ്ടേ എന്ന് തന്നോട് ചോദിച്ചത് മോഹൻലാൽ ആണെന്നും പ്രിയദർശൻ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവാര്യരും കല്യാണി പ്രിയദർശനുമൊക്കെ ഈ ചിത്രത്തിൽ അഭിനയിക്കാൻ ലഭിച്ച ഭാഗ്യത്തെ കുറിച്ച് ഇതിനു മുൻപ് മനസ്സു തുറന്നിട്ടുണ്ട്.