മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്ന പ്രിയദർശൻ മലയാള സിനിമ പുതിയ കാലഘട്ടത്തിൽ ഒരുപാട് മികച്ചതായി തോന്നുന്നുവെന്ന് രേഖപ്പെടുത്തി. സമീപകാലത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങൾ തന്നെ അതിശയിപ്പിച്ചുവെന്നും ഇന്നത്തെ സംവിധായകർ പ്രതിഭകൾ ആണെന്നും അദ്ദേഹം പറയുന്നു. അവർ ചിന്തിക്കുന്നതുപോലെ എന്തുകൊണ്ടാണ് തനിക്ക് ചിന്തിക്കാൻ സാധിക്കാത്തത് എന്ന് താൻ വിചാരിക്കാറുണ്ട് എന്നും തന്നെ പോലെ ഉള്ളവർ സിനിമയിൽ നിന്നും വിരമിക്കേണ്ട കാലമായി എന്ന് ചിലപ്പോൾ തോന്നാറുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഹാസ്യചിത്രങ്ങൾ സംവിധാനം ചെയ്യാൻ തനിക്ക് ഇനി ധൈര്യമില്ലെന്നും കുതിരവട്ടം പപ്പു, സുകുമാരി, തിലകൻ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. പപ്പുവേട്ടന്റെ അഭിനയം കണ്ടിട്ട് കട്ട് പറയാൻ മറന്നുപോയ അവസരങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും അങ്ങനെ അഭിനയിക്കുന്ന നടൻമാർ ഇപ്പോൾ ഉണ്ടോ എന്ന് സംശയം ആണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം അതിനുള്ള അവസരം അവർക്ക് ലഭിക്കാഞ്ഞിടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.