മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ ലൊക്കേഷൻ വിശേഷങ്ങളും ഏറെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഷൂട്ടിംഗ് അരമണിക്കൂറോളം നിർത്തി വെച്ച് അവർ ചിരിച്ചിട്ടുണ്ട്. പ്രിയദര്ശന്, മോഹന്‍ലാല്‍ ടീമിന്റെ ‘വന്ദനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരിലെ പ്രശസ്തമായ പാര്‍ക്കില്‍ വെച്ച് നടക്കുന്ന സമയം. മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ലൊക്കേഷനിലുണ്ട്. ഷൂട്ടിംഗ് കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടിയിട്ടുണ്ട്. ഏറെയും ബാംഗ്ലൂർ മലയാളികൾ. എല്ലാവര്ക്കും കാണേണ്ടതും, ഓട്ടോഗ്രാഫ് വാങ്ങേണ്ടതും , ഒപ്പം നിന്ന് ഫോട്ടോ പിടിക്കേണ്ടതും, മോഹൻലാലിനോടൊപ്പം മാത്രം. മോഹന്‍ലാലിന് ചുറ്റും കൂടിയ ബാംഗ്ലൂരിലെ ആരാധകവൃന്ദത്തെ കണ്ട് മുകേഷും ജഗദീഷും അല്‍പ്പം അസൂയയോടെ മാറിയിരിക്കുകയാണ്. “ലാലിന്റെ ബെസ്റ്റ് ടൈം. നമ്മുടെ മാവും ഒരിക്കല്‍ പൂക്കുമെടെയ് ” എന്ന് ആശ്വാസത്തോടെ മുകേഷ് ജഗദീഷിനോട് പറഞ്ഞു. “എന്റെ കാര്യം പോട്ടെ , ഞാന്‍ അടുത്തിടെ ഫീല്‍ഡില്‍ വന്ന നടന്. പക്ഷെ, ‘ബോയിംഗ് ബോയിംഗ്’ മുതൽ നിങ്ങള്‍ കുറെ ചിത്രങ്ങൾ ലാലിനൊപ്പം ചെയ്തതല്ലേ ? നിങ്ങളെ തേടി ആരാധകരാരും വരാത്തതിലാണ് എനിക്ക് അത്ഭുതം എന്നായിരുന്നു മുകേഷിനെ ഇരുത്തികൊണ്ടുള്ള ജഗദീഷിന്റെ മറുപടി. പെട്ടെന്നാണ് കൈയിലൊരു ക്യാമറയുമായി ഒരു യുവാവ് ‘സര് ഒരു ഫോട്ടോ ‘ എന്ന് കെഞ്ചികൊണ്ട് മുകേഷിന്റെ അടുത്തെത്തുന്നത്. ജഗദീഷ് പകച്ചു !!!
മുകേഷ് ആഹ്ളാദത്തിന്റെ ലഹരിയില്‍ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി ജഗദീഷിനെ ഒന്നാക്കി നോക്കി കൊണ്ട് എഴുന്നേറ്റു.നല്ലൊരു ചെടികൂട്ടത്തിനരികെ നിര്‍ത്തി മുകേഷിന്റെ സിംഗള്‍ ഫോട്ടോ ‘പോളറോയിട്’ ക്യമാറയില്‍ പകര്‍ത്തുന്ന യുവാവിനെയും തകര്‍ന്നു പോയ ജഗദീഷിനെയും ദൂരെ നിന്നായി മോഹന്‍ലാലും പ്രിയദര്‍ശനും ശ്രദ്ധിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പ്രിന്റ് കിട്ടുന്ന ക്യാമറയില്‍ നിന്നും പുറത്തേക്ക് വന്ന ഫോട്ടോ മുകേഷിന് നേരെ നീട്ടി കൊണ്ട് ആ , യുവാവ് ” സര് , 25 റുപ്പീസ് പ്ലീസ് ” എന്ന് പറഞ്ഞതും ‘അതൊരു ഫോട്ടോ ഗ്രാഫറായിരുന്നെന്ന് മനസ്സിലാക്കിയ ജഗദീഷിന്റെ പൊട്ടി ചിരികണ്ടപ്പോള്‍ ലാലും പ്രിയനും ഓടിയെത്തി. ജഗദീഷ് പറഞ്ഞ കഥയും ഇഞ്ചി കടിച്ച പോലുള്ള മുകേഷിന്റെ മുഖവും കണ്ടപ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും ചിരിക്കാന്‍ വേണ്ടിമാത്രമായിരുന്നു വന്ദനത്തിന്റെ ഷൂട്ടിംഗ് അരമണിക്കൂര്‍ നേരം നിര്‍ത്തിവെച്ചത്.