പ്രിയദർശൻ സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം തീയറ്ററുകളിൽ നേടിയ വിജയത്തിന് പിന്നാലെ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പ്രദർശനത്തിന് എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മരക്കാർ നാലാമനായി മോഹൻലാൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.
പ്രിയദർശന്റെ എല്ലാ ചിത്രങ്ങളിലും തന്നെ ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. അങ്ങനെയുള്ള ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർഹിറ്റുകളുമാണ്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ഗാനങ്ങളും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. കീർത്തി സുരേഷ് അഭിനയിച്ച നീയേ എൻ തായേ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ ഗാനത്തിൽ കീർത്തി വീണ വായിക്കുന്ന രംഗങ്ങൾക്കാണ് ഏറെ കൈയ്യടി ലഭിച്ചത്. അതിനെ കുറിച്ച് ഇപ്പോൾ പ്രിയദർശൻ മനസ്സ് തുറന്നിരിക്കുകയാണ്.
“വീണ മനോഹരമായി വായിച്ച് കീർത്തി എന്നെ അതിശയപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റ് ആണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. സംഗീതം അവളിൽ തന്നെ ഉള്ളതിനാൽ ആ റോളും ഗാനവും കീർത്തി സുന്ദരമാക്കി. ഒരു നോട്ട് പോലും തെറ്റാതെ വീണ വായിച്ച് കീർത്തി എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരേ സമയം പാടാനും വീണ വായിക്കുവാനും വളരെയേറെ ബുദ്ധിമുട്ടാണ്. പക്ഷേ കീർത്തി എന്നെ അതിശയപ്പെടുത്തി.”