കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത് നടൻ മോഹൻലാൽ ചങ്ങാടം തുഴയുന്ന വീഡിയോ ആയിരുന്നു. കുത്തിയൊലിക്കുന്ന പുഴയിലാണ് താരം ചങ്ങാടവുമായി ഇറങ്ങിയത് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഒരു ഡ്യൂപ്പ് പോലുമില്ലാതെ മോഹൻലാൽ ചങ്ങാടവുമായി കുത്തിയൊലിക്കുന്ന തൊമ്മൻകുഞ്ഞ് പുഴയിലേക്ക് ഇറങ്ങിയത്. എം ടി വാസുദേവൻ നായരാണ് ചിത്രത്തിന്റെ തിരക്കഥ.
ജൂലൈ ആറിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തൊടുപുഴ, തൊമ്മൻകുഞ്ഞ്, കാഞ്ഞാർ എന്നിവിടങ്ങളിലായാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. മോഹൻലാലിന് ഒപ്പം ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവൻ ആണ്. സാബു സിറിൽ ആണ് കലാസംവിധാനം. ദുർഗ കൃഷ്ണയാണ് നായികയായി എത്തുന്നത്.
1957ൽ പുറത്തിറങ്ങിയ എം ടിയുടെ കഥയാണ് ഓളവും തീരവും. അമ്പതുവർഷം മുമ്പ് പ്രശസ്ത സംവിധായകൻ പി എൻ മേനോൻ സിനിമയാക്കിയ കഥയാണ് ഓളവും തീരവും. എം ടി വാസുദേവൻ നായരുട പത്തു ചെറുകഥകൾ ചേർത്ത് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായാണ് ചിത്രം അദ്ദേഹം ഒരുക്കുന്നത്. 1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മധു, ഉഷ നന്ദിനി, ജോസ് പ്രകാശ്, നിലമ്പൂർ ബാലൻ എന്നിവർ ആയിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. ആന്തോളജിയുടെ നിർമാതാവ് എം ടി വാസുദേവൻ നായരുടെ മകൾ അശ്വതിയാണ്. ആന്തോളജിയിൽ അശ്വതിയും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ‘വിൽപ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.