പൃഥ്വിരാജിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച മോഹൻലാൽ ചിത്രം ലൂസിഫർ വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ്സ് കഥാപാത്രത്തെ കാണാൻ സാധിച്ച ചിത്രം മലയാളസിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. എല്ലായിടത്ത് നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശനും എത്തിയിരിക്കുന്നു. മലയാളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആന്റണി പെരുമ്പാവൂരിന്റെ തന്നെ നിർമാണത്തിൽ ലാലേട്ടൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറുടെ അണിയറയിലാണ് അദ്ദേഹം. അതും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ വലിയൊരു ഹിറ്റ് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.