സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇത് തമ്പാൻ… സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ Kaaval’ കാവലിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ജോബി ജോർജ് കുറിച്ചു. കാവലിന്റെ റിലീസ് പ്രഖ്യാപിച്ച പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്ന് പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. എന്നാൽ, മരക്കാർ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ‘കാവൽ’ റിലീസ് മാറ്റിവെച്ചു കൂടേ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതിനെല്ലാം ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയാണ് ജോബി ജോർജ് നൽകുന്നത്.
‘കാവൽ’ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഡിസംബർ രണ്ടിന് മരക്കാർ റിലീസ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാവൽ റിലീസ് ചെയ്തതിനെ ചോദ്യം ചെയ്ത് ചില ആരാധകർ കമന്റ് ബോക്സിൽ എത്തിയത്. ‘ഈ ഒരു സമയത്ത് ഇറക്കണമായിരുന്നോ. മരക്കാർ വരുന്നതോടെ തിയറ്ററിന്റെ എണ്ണം കുറയില്ലേ. അപ്പോൾ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി നല്ല ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലത്. പറഞ്ഞെന്നേ ഉള്ളൂ’ – ആരാധകന്റെ ഈ കമന്റിന് കൃത്യമായ മറുപടി ഉണ്ടായിരുന്നു ജോബി ജോർജിന്. ‘മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്മെൻറ്സ് ഉണ്ട്. pls understand’ എന്നായിരുന്നു മറുപടി. മരക്കാർ ഒടിടി റിലീസ് ആണോ അല്ലെങ്കിൽ തിയറ്റർ റിലീസ് ആണോ എന്ന് ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു. അതിനു ശേഷം നിരന്തരമായി നടന്ന ചർച്ചകളെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മരക്കാർ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ ആയിരുന്നു ജോബി ജോർജിന്റെ മറുപടി.
അതേസമയം, ഒരു ആരാധകന്റെ കമന്റും അതിന് ജോബി ജോർജ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ‘മരക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ജോബി ജോർജ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ – ജോബി ജോർജിന്റെ ഈ മറുപടി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ആക്ഷൻ ഫാമിലി ഡ്രാമയാണ്. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത് തമ്പാൻ എന്ന മാസ് കഥാപാത്രത്തെയാണ്.
ഗുഡ് വിൽ എന്റർടയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിച്ചത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന് രാജന് പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.