ഒരു ഇവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരികെയെത്തിയത്. ഇപ്പോൾ ഇതാ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി നായകനാകുന്ന അടുത്ത ചിത്രം എത്തുകയാണ്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമിൽ വമ്പൻ തുകയുടെ ഓഫർ ലഭിച്ചെങ്കിലും കാവൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കി. ഗുഡ് വിൽ എന്റർടയിൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇതൊരു കുടുംബചിത്രമാണെന്നും ആരാധകർ കാണാൻ കാത്തിരിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെ ആയിരിക്കും കാവലിൽ കാണാൻ സാധിക്കുകയെന്നും ജോബി ജോർജ് പറഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവൽ’ ന് ഒടിടിയിൽ നിന്ന് ഒമ്പത് അക്ക തുകയുടെ ഓഫർ ലഭിച്ചെന്ന് നിർമാതാവ് ജോബി ജോർജ്. എന്നാൽ, തിയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് താൻ മാത്രം കാശുണ്ടാക്കിയാൽ പോരല്ലോയെന്ന് തോന്നിയതു കൊണ്ടാണ് ഒടിടി ഓഫർ നിരസിച്ച് തിയറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും ജോബി വ്യക്തമാക്കി. മനോരമ ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജോബി ജോർജ് ഇക്കാര്യം തുറന്നു പറഞ്ഞത്. നാട്ടിൽ തിയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് ആളുകളുണ്ട്. സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നവർ, ഫ്ലക്സ് നിർമിക്കുന്നവർ എന്ന് തുടങ്ങി ഒരുപാട് പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് താൻ മാത്രം നന്നാകുന്നത് ശരിയല്ലെന്ന് തോന്നിയെന്നും ജോബി ജോർജ് പറഞ്ഞു.
ഇതൊരു കുടുംബചിത്രമാണെന്നും അതുകൊണ്ടു തന്നെ പ്രേക്ഷകർ ഉറപ്പായും തിയറ്ററിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രഞ്ജി പണിക്കരിനൊപ്പം സുരേഷ് ഗോപി ഉണ്ടാക്കിയ വിജയം മകനൊപ്പം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുഡ് വിൽ എന്റെർടയിന്റമെന്റിസിനൊപ്പം നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. ഒടിടി ഓഫർ ചെയ്ത പണം തനിക്ക് ആവശ്യമില്ലെന്നും മുടക്കിയ പണം സാറ്റലൈറ്റ് റൈറ്റ്സ് ആയൊക്കെ തനിക്ക് തിരിച്ചു കിട്ടുമെന്നും അത് മതിയെന്നും ആർത്തി പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ജോബി ജോർജ് പറഞ്ഞു. സിനിമയിൽ രഞ്ജി പണിക്കരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാസ് ഡയലോഗുകൾ പറയുന്ന കണ്ണിൽ കനലുകളുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവൽ എന്നും ജോബി ജോർജ് പറഞ്ഞു.