മലയാളത്തിന്റെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ, മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ താരങ്ങളായ ഇവരെ രണ്ടു പേരെയും വെച്ച് 100, 150 കോടി ബജറ്റിന്റെ സിനിമ എടുക്കുന്നത് റിസ്ക് ആണെന്ന് തുറന്നു പറയുകയാണ് ഒരു നിർമാതാവ്. പ്രശസ്ത നിർമാണ ബാനറുകളിൽ ഒന്നായ ഓഗസ്റ്റ് ഫിലിംസിന്റെ സാരഥികളിൽ ഒരാളായ ഷാജി നടേശനാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ബാനറാണ് ഓഗസ്റ്റ് ഫിലിംസ്. നിലവിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫെല്ലിനി ഒരുക്കുന്ന ‘ഒറ്റ്’ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യതകളെക്കുറിച്ച് ഷാജി നടേശൻ പറഞ്ഞത്. ബജറ്റും മാർക്കറ്റും മലയാളസിനിമയ്ക്ക് എന്നും ഒരു വലിയ വിഷയം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് പോലും 150 – 200 കോടി ബജറ്റിനഅറെ സിനിമയെടുക്കുന്നത് റിസ്ക് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അവരെ കൂടി ഉൾപ്പെടുത്തി വമ്പൻ ചിത്രങ്ങൾ ഉണ്ടാക്കാമെന്നും വ്യക്തമാക്കുന്നു ഷാജി നടേശൻ.
ടോവിനോ, പൃഥ്വിരാജ്, ദുൽഖർ എന്നിവരെ പോലുള്ള താരങ്ങൾ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറി. അതുകൊണ്ടു തന്നെ എല്ലാവരും ഉൾപ്പെടുന്ന ഒരു വലിയ സിനിമ ഉണ്ടായാൽ നന്നായിരിക്കും. ഇന്ത്യ മുഴുവൻ റിലീസ് ചെയ്യാവുന്ന തരത്തിലുള്ള പ്രമേയവും താരങ്ങളും വേണം. അങ്ങനെയുണ്ടെങ്കിൽ വലിയ തുക തന്നെ സിനമയ്ക്ക് കളക്ഷൻ ലഭിക്കും. എന്നാൽ, ഇത്രയും വലിയ ഒരു സിനിമയ്ക്കായി മുതൽമുടക്കാൻ ധൈര്യമുള്ള പ്രൊഡക്ഷൻ കമ്പനികൾ മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.