നടൻ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവദൂതൻ. 2000ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാർ, ജനാർദ്ദനൻ, ജഗതി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ചിത്രം റിലീസ് ചെയ്ത സമയത്ത് പരാജയമായിരുന്നു. പിന്നീട് മോഹൻലാലിന്റെ ഏറ്റവും ജനപ്രിയ ചിത്രമായി ദേവദൂതൻ മാറി. ടെലിവിഷനിൽ വരുമ്പോൾ എല്ലാം ചിത്രത്തിന് റിപ്പീറ്റ് വാല്യു കൂടി.
അതേസമയം, ദേവദൂതൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പരാജയത്തിൽ സങ്കടമില്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ. ചിത്രത്തിൽ എല്ലാവരും വളരെ ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് സിയാദ് കോക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
ദേവദൂതനെ പറ്റി സംസാരിക്കുകയാണെങ്കിൽ മണിക്കൂറുകളോളം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്ത സിനിമയാണ് അതെന്നും അതിന്റെ പരാജയത്തിൽ സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവരും വളരെ ആത്മാർത്ഥതയോടെ ചെയ്ത സിനിമയാണത്. ടിവിയിൽ ഓരോ പ്രാവശ്യവും ഈ സിനിമ വരുമ്പോൾ എനിക്ക് നല്ല ഫേസ്ബുക്ക് കമന്റ്സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണ്. ദേവദൂതന്റെ ഷൂട്ട് വളരെ പെയിൻഫുൾ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റ് ചെയ്ത് വെച്ചിരുന്നത് ആലുവയിലെ ഒരു സെമിനാരിയിൽ ആയിരുന്നു. സിനിമാക്കാർക്കാണെങ്കിൽ ഷൂട്ടിന് തരില്ലെന്ന് അവിടുത്തെ റെക്ടർ അച്ഛൻ പറഞ്ഞു. അവിടെ ഷൂട്ട് ചെയ്തിരുന്നേൽ ഇത്രയും നഷ്ടം വരില്ലായിരുന്നു’ – സിയാദ് കോക്കർ പറഞ്ഞു. ഇവിടെ ശരിയാകാത്തതു കൊണ്ടാണ് ഊട്ടിയിൽ പോയി സെറ്റിടേണ്ടി വന്നത്. അവിടെയാണെങ്കിൽ മഴ പെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകും. സെറ്റ് പൊളിഞ്ഞു പോകുന്ന സാഹചര്യത്തിൽ വീണ്ടും സെറ്റിടേണ്ടി വന്നു. ഇൻവെസ്റ്റ് കൂടിയതുകൊണ്ടാണ് ഈ ചിത്രം നഷ്ടമാണെന്ന് പറയുന്നത്. വേറെ ഭാഷയിൽ ഈ സിനിമ ചെയ്യാൻ താനും സിബിയും ആലോചിക്കുന്നുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.