സിനിമയിൽ കണ്ടന്റ് ആണ് പ്രധാനമെന്നും ഒരു നടനും ആവശ്യമുള്ള നടനല്ലെന്നും നിർമാതാവ് സുരേഷ് കുമാർ. നടൻമാർ പ്രതിഫലം കുത്തനെ ഉയർത്തുന്നത് നിർത്തണമെന്നും അല്ലാത്തപക്ഷം നടൻമാർ വീട്ടിലിരിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും സുരേഷ് കുമാർ പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സംഭവം നടന്ന രാത്രിയിൽ’ പൂജ ചടങ്ങിൽ സംസാരിക്കവെയാണ് സുരേഷ് കുമാർ ഇങ്ങനെ പറഞ്ഞത്.
നിർണായകമായ ഒരു തീരുമാനമാണ് മലയാളം സിനിമ എടുക്കാൻ പോകുന്നത് എന്നു പറഞ്ഞുകൊണ്ടാണ് സുരേഷ് കുമാർ സംഭാഷണം ആരംഭിച്ചത്. ‘അത് നാളെയോ മറ്റന്നാളോ ആയിട്ട് ഉടൻ ഉണ്ടാകും. ഇത്ര ബജറ്റിൽ കൂടുതൽ ഇല്ലാത്ത ആളെ നമ്മൾ ഇനി ഒഴിവാക്കാൻ പോകുകയാണ്. ഞാൻ ഇവിടെ പറയുന്നതെന്തെന്ന് വെച്ചാൽ എല്ലാവർക്കും ഒരു മുന്നറിയിപ്പായി പറയുകയാ. ചോദിക്കുന്നത് ഒരു ന്യായമായിട്ട് ചോദിക്കുക, അന്യായമായിട്ട് ചോദിക്കരുത്. അതൊരു വല്ലാത്ത പോക്കാണ്. എന്നു വെച്ചാൽ തിയറ്ററിലെ കളക്ഷൻ കൊടുക്കാൻ ഞങ്ങൾ റെഡിയാണ്. തിയറ്ററിൽ കളക്ഷനേ ഇല്ല. ആളില്ല സിനിമ കാണാൻ. 15 പേരുണ്ടെങ്കിലേ സിനിമ തുടങ്ങത്തുള്ളൂ. 15 പേർക്ക് വേണ്ടി ആളുകൾ വെയിറ്റ് ചെയ്യുകയാണ്. ഷോ തുടങ്ങാൻ. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇത് എല്ലാവരും മനസിലാക്കണം. പ്രൊഡ്യൂസർ മാത്രം മനസിലാക്കിയാൽ പോരാ.’
‘മരം കുലുക്കിയല്ല പ്രൊഡ്യൂസർ ഇവിടെ പൈസ കൊണ്ടു വരുന്നത്. അല്ലെങ്കിൽ നോട്ട് അടിച്ചല്ല കൊണ്ടു വരുന്നത്. അതും കൂടി എല്ലാവരും മനസിലാക്കണം. ഇത് ആരും മനസിലാക്കുന്നില്ല. അല്ലെങ്കിൽ ഇതിന്റെ ആൾട്ടർനറ്റീവ് കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല. ഒരു നടനും ആവശ്യമുള്ള നടനല്ല. കണ്ടന്റ് ആണ് പ്രധാനം . കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും, ആളുകൾ കാണും. അഭിനന്ദിക്കും. അതുകൊണ്ട് വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലിരിക്കുന്ന രീതിയിലേക്ക് ആയിരിക്കും ഇനി പോകുന്നത്. ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ്. നിർമാതാവിന്റെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റും ഡയറക്ടറും മാത്രമേ ഇനി ഭാവിയിൽ രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കുന്ന അവസ്ഥയിലേക്ക് വരും. നിവൃത്തിയില്ലാത്തത് കൊണ്ട പറയുകയാ.’ – സുരേഷ് കുമാർ പറഞ്ഞുനിർത്തി. വലിയ കൈയടിയോടെയാണ് സുരേഷ് കുമാർ പറഞ്ഞതിനെ സദസിൽ ഉണ്ടായിരുന്നവർ സ്വീകരിച്ചത്.