അല്ലു അർജുൻ നായകനായി എത്തിയ പടം പുഷ്പയ്ക്ക് ഗംഭീര വരവേൽപ്പ് നൽകി കേരളം. പടം മാസാണെന്നും തീയാണെന്നും ആരാധകർ പറഞ്ഞു. ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദ് ഫാസിൽ പൊളിയാണെന്ന് പറഞ്ഞ പ്രേക്ഷകർ ‘പുഷ്പ’ സൂപ്പർ പടമാണെന്ന് പറഞ്ഞപ്പോൾ ചില വിരുതൻമാർ തങ്ങൾ മറയൂരിന് പോകുകയാണെന്ന് ആയിരുന്നു ചിത്രം കണ്ടതിനു ശേഷം പറഞ്ഞത്. തിയറ്ററിൽ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഒന്നാം ഭാഗം അടിപൊളി ആണെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും രണ്ടാം ഭാഗം കൂടി കണ്ടാൽ മാത്രമേ അഭിപ്രായം പൂർണമായി പറയാൻ കഴിയുകയുള്ളൂവെന്നും ചിലർ വ്യക്തമാക്കി. എന്നാൽ ആദ്യഭാഗം പൊളിയാണെന്നും അതുകൊണ്ടു തന്നെ രണ്ടാംഭാഗം അതിലും പൊളിയായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചവരുമുണ്ട്. സിനിമ അടിപൊളി ആണെന്നും സെക്കൻൻഡ് പാർട്ടിനായി കാത്തിരിക്കുകയാണെന്നും സിനിമ കണ്ടിറങ്ങിയവർ വ്യക്തമാക്കി.
ചിത്രത്തിന്റെ അവസാന ഭാഗത്താണ് ഫഹദ് ഫാസിൽ എത്തിയതെന്നും എന്നാൽ, മാസ് ആയിരുന്നു ഫഹദ് എന്നും ആരാധകർ പറഞ്ഞു. രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പ ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ആയത്. പതിവുരീതികൾ വിട്ട് അല്ലു അർജുൻ വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത് എന്നത് തന്നെയാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്.
സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനക്കള്ളക്കടത്ത് നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ക്യാമറ – മിറോസ്ലോ കുബ ബറോസ്ക്ക്. സംഗീതം സംവിധാനം സൗണ്ട് ട്രാക്ക് – ദേവി ശ്രീ പ്രസാദ്. ശബ്ദസംയോജനം – റസൂല്‍ പൂക്കുട്ടി, ചിത്രസംയോജനം – കാര്‍ത്തിക് ശ്രീനിവാസ്. പി.ആര്.ഒ – ആതിര ദില്‍ജിത്ത്.