മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതയായ രഥീനയുടെ ആദ്യ സംവിധാന സംരംഭമാണ് പുഴു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കൈയിൽ ഒരു തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഓഗസ്റ്റ് മാസം രണ്ടാം വാരമായിരുന്നു ‘പുഴു’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ, സെറ്റിൽ സെപ്തംബർ 11ന് ആയിരുന്നു മമ്മൂട്ടി ജോയിൻ ചെയ്തത്. അമൽ നീരദിന്റെ ഭീഷ്മ പർവ്വം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ‘പുഴു’ സെറ്റിലേക്ക് എത്തിയത്.
രഥീന ഹർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ്. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും. ഉണ്ടയ്ക്ക് ശേഷം ഹർഷാദ് ആണ് സിനിമയുടെ കഥ. തിരക്കഥയൊരുക്കുന്നത് ഷറഫ്, സുഹാസ്, ഹർഷാദ് എന്നിവർ ചേർന്നാണ്. മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് പുഴുവിൽ.
പുഴു സിനിമയിൽ മമ്മൂട്ടി ഒരു പൊലീസ് ഓഫീസർ ആയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ കഥാപാത്രം ഇതിൽ നെഗറ്റീവ് ഷേഡുള്ളതാണെന്ന തരത്തിലുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും വരുന്നുണ്ട്. പ്രചരിക്കുന്നുണ്ട്. പാർവതി തിരുവോത്ത് ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ജേക്സ് ബിജോയി ആണ് സംഗീതം. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.