റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ ഒരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യം. യു എസ് എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. യു എസ് എയിലെ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം എന്ന പദവിയിൽ നിന്ന് ആഗോളതാരമായി മാറിയ പ്രഭാസ് പുതിയ റെക്കോഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. യു എസ് എയിൽ ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്.
രാധേ ശ്യാം സിനിമയ്ക്കായി യു എസ് എയിൽ ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 11116 ഷോകളാണ്. ഒരു റൊമാന്റിക് ചിത്രത്തിനാണ് ഇത്രയും വലിയ ഹൈപ്പ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ മാർച്ച് 10 മുതൽ ആരംഭിക്കും. ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസരിച്ച് ഷോകളുടെ എണ്ണ വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് വിതരണക്കാർ. യു എസ് എയിൽ ഗ്രേറ്റ് ഇന്ത്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പത്ത് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ, പ്രമോഷനുകൾ ശക്തമാക്കാനും ഹൈദരാബാദിൽ ഗംഭീരമായ പ്രീ – റിലീസ് ഇവന്റ് സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ് രാധേ ശ്യാം സിനിമയുടെ അണിയറപ്രവർത്തകർ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക. രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.