നെറ്റ്ഫ്ലിക്സ് സീരീസുകളിലൂടെ ഹോളിവുഡിലും ചുവടുറപ്പിക്കുന്ന രാധിക ആപ്തെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി. ഇന്ത്യ ടുഡേ ഒരുക്കുന്ന മൈൻഡ് റോക്സ് 2018 എന്ന പബ്ലിക്ക് ചാറ്റ് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡിലും മറ്റുമുള്ള മീ ടു പോലെയുള്ള ക്യാമ്പയിനുകൾ ഇന്ത്യയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
“ഇവിടെ മീടു ക്യാമ്പയിന് വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരും അവരുടെ അധികാരവും ശക്തിയുമൊന്നും കൈവിടാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഭയങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ നല്ലൊരു പിന്തുണ ലഭിക്കേണ്ടതുണ്ട്. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ്.”
“ഈയടുത്തു പോലും എനിക്ക് മോശം അനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന് എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ദ്ധരാത്രിയിലോ പകലോ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവെച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്.”