ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് പഞ്ചാബി ഹൗസ്. 1998-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു. സിനിമയിലെ നായകനെക്കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മനോരമ ആഴ്ചപ്പതിപ്പിലാണ് റാഫി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയിലെ നായക കഥാപാത്രത്തിന് പ്രചോദനമായതെന്ന് റാഫി പറയുന്നു.
റാഫിയുടെ വാക്കുകള്‍ :
‘ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു ഞാന്‍. പക്ഷേ കഴിക്കാന്‍ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. അപ്പോഴേക്കും ഞാനത് വിലക്കി, ഭക്ഷണം വാങ്ങാന്‍ പൈസയും കൊടുത്തു.സ്കൂള്‍ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോള്‍ മലയാളിയാണോയെന്ന് സംശയിച്ചു.
ഇനി കേരളത്തില്‍ നിന്നെങ്ങാനും അവന് നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ ഞാന്‍ പേര് ചോദിച്ചു. പക്ഷേ പെട്ടെന്ന് അവന് തനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്. പക്ഷേ അവന്റെ കണ്ണുകളില്‍ എന്തോ മറച്ചുപിടിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിന്‍ വിട്ടതും അവന് ചാടി ഇറങ്ങുകയായിരുന്നു.ഇനിയെങ്ങാനും താന്‍ ആരാണെന്ന് പറയാതിരിക്കാനായി അവന് ഊമയായി അഭിനയിച്ചതാണോ എന്ന തോന്നലായിരുന്നു പിന്നെ മനസ്സു നിറയെ. ഇതാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്താനുണ്ടായിരുന്ന ത്രെഡ്.