അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മധുരം’. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. തിളക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ നൂലുപോലെ വട്ടത്തില്‍ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്നേഹ മധുരം’ എന്നാണ് സിനിമയെക്കുറിച്ച് രഘുനാഥ് പലേരിയുടെ അഭിപ്രായം.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘കാശ് വരും പോകും.
പിന്നെ ഒരൊറ്റപ്പോക്ക് പോകും.
പിന്നെ വരുകേല.’
ഊളിയിട്ടു പറക്കുന്ന പരല്‍ മീനുകളുടെ പടപടേന്നുള്ള വെട്ടിക്കല്‍ പോലെയാണ് നര്‍മ്മവും സ്നേഹവും വന്നു വീഴുക. കാച്ച് ചെയ്യാന്‍ പറ്റിയാല്‍ പറ്റി. ഇല്ലങ്കില്‍ നഷ്ടമാണ്. നര്‍മ്മം പാഴാക്കുന്നത് സഹിക്കാന്‍ പറ്റില്ല. ജീവിതം പഴായി പോയാല്‍ പിന്നേം സഹിക്കാം.
മധുരമീ ‘മധുരം’ സിനിമ.
തിളക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ നൂലുപോലെ വട്ടത്തില്‍ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്നേഹ മധുരം .
ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഉറ്റവര്‍ക്ക് വേണ്ടി കൂട്ടുകിടക്കാന്‍ (ബൈ സ്റ്റാന്‍ഡേഴ്സ്) ആശുപത്രിയിലെത്തുന്ന ഏതാനും വ്യക്തികളില്‍ ഉടലെടുക്കുന്ന സൗഹൃദവും ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു അവതരിപ്പിക്കുന്ന സാബു, ഇന്ദ്രന്‍സിന്റെ രവി, അര്ജുന് അശോകന്റെ കെവിന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ശ്രുതി രാമചന്ദ്രന്, നിഖില വിമല്‍, ജഗദീഷ്, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന് സ്റ്റാനിസ്ലാസ് ആണ്.. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.