ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്ക് പൂർത്തീകരിക്കാത്തതിനാൽ ജയിലിൽ അടക്കപ്പെട്ടതുമെല്ലാം രജിനി ചാണ്ടിയെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായി. ഇപ്പോഴിതാ ആ പ്രോഗ്രാമിൽ പങ്കെടുത്തതിൽ താൻ ഖേദിക്കുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
“ആ ഷോയിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു. ഈ പരിപാടിക്ക് അനുയോജ്യമായ ഒരു മത്സരാർത്ഥി അല്ലായിരുന്നു ഞാൻ. കുറച്ചു രസകരമായ നിമിഷങ്ങളും ഓർമകളും നേടിയെടുക്കുവാൻ വേണ്ടിയാണ് ഞാൻ ഇതിൽ പങ്കെടുത്തത്. അതായിരുന്നു എന്റെ ആദ്യ മിസ്റ്റേക്ക്.”
കണ്ണീരോടെയാണ് പ്രോഗ്രാമിൽ നിന്നും ഇറങ്ങി പോന്നതിന് ശേഷം ലഭിച്ച മോശം കമന്റുകളെ കുറിച്ച് താരം പ്രതികരിച്ചത്. തന്റെ പ്രായത്തിനെ പോലും ബഹുമാനിക്കാതെ ഫാൻസ് ഇപ്രകാരം മോശമായി സംസാരിക്കുന്നത് എന്തിനാണെന്ന് രജിനി ചാണ്ടി ചോദിക്കുന്നു.
ഞാൻ തുറന്ന മനസ്സുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഫീൽ ചെയ്യുന്നത് ഞാൻ തുറന്ന് പറയും. ഹൗസിനുള്ളിലും ഞാൻ അങ്ങനെ ആയിരുന്നു. പക്ഷേ അതെനിക്ക് ഇത്രയും ഹേറ്റേഴ്സിനെ നേടി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ രജിതിനെ കുറിച്ച് ഞാൻ പറഞ്ഞത് പലർക്കും വേദനിച്ചു എന്നറിഞ്ഞു. അതിന് ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു.