മോഹൻലാലിന്റെ സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ രാം ചരൺ. മോഹൻലാൽ സാറിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഉള്ള സിനിമകൾ ഇഷ്ടമാണെന്നും രാം ചരൺ അഭിമുഖത്തിൽ പറഞ്ഞു. ആർ ആർ ആർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ആയിരുന്നു രാം ചരൺ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.
‘ഞങ്ങൾക്ക് മലയാള സിനിമയും അഭിനേതാക്കളെയും ഒരുപാട് ഇഷ്ടമാണ്. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മലയാളചിത്രം മിന്നൽ മുരളി ആണ്. ലാൽ സാറിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഇഷ്ടമാണ്. എന്റെ അച്ഛൻ ലൂസിഫർ റീമേക്ക് ചെയ്യുന്നുണ്ട്.’ – രാം ചരൺ പറഞ്ഞു. മലയാള സിനിമയുടെ ആരാധകരാണ് തങ്ങളെന്നും നല്ല സിനിമകൾ കാരണം പ്രേക്ഷകരും ഒരുപാട് വളർന്നിട്ടുണ്ടെന്നും രാം ചരൺ പറഞ്ഞു.
തങ്ങളുടെ ഒരു സിനിമ കേരളത്തിലെ ആരാധകർക്ക് ഇഷ്ടമായാൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമായി എന്നാണ് അതിന്റെ അർത്ഥമെന്ന് സംവിധായകൻ രാജമൗലി പ്രതികരിച്ചു. ബാഹുബലി എന്ന ചിത്രത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. രാം ചരണിനു പുറമേ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ആർ ആർ ആർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.