മലയാളികളുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച് സംവിധായകനായും അവതാരകനായും നടനായും ചേക്കേറിയ താരമാണ് രമേശ് പിഷാരടി. ആളുകളെ ചിരിപ്പിക്കുന്ന പിഷാരടി സംവിധായകനെന്ന റോളിലേക്ക് എത്തിയപ്പോൾ പുതിയൊരു മുഖത്തിൽ ആണ് അദ്ദേഹത്തെ കാണുവാൻ സാധിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ, പഞ്ചവർണ്ണതത്ത എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ ആളുകൾ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം. ഈ സങ്കടം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയും രമേശ് പിഷാരടി ആരാധകരോട് പങ്കുവയ്ക്കുകയാണ്. തന്നെ ഏറെ ചിന്തിപ്പിച്ച വാക്കുകളാണ് മമ്മൂട്ടി പറഞ്ഞതെന്നും രമേശ് പിഷാരടി ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.
രമേശ് പിഷാരടിയുടെ വാക്കുകൾ:
ഗാനഗന്ധർവൻ സിനിമയിൽ മമ്മൂക്കയും മനോജേട്ടനും കൂടി സ്പീക്കർ ഉൽസവപ്പറമ്പിലേക്ക് ചുമന്നുകൊണ്ടു വരുന്ന സീനുണ്ട്. ആ ട്രൂപ്പിലുള്ള ഒരു ചെറുപ്പക്കാരൻ പയ്യൻ ഫ്രെയ്മിന്റെ പിന്നിൽ ഒരു സോഡ കുടിച്ച് നിൽപ്പുണ്ട്. ഇപ്പോഴത്തെ കാഴ്ചക്കാർ സിനിമ തുരന്നു കാണുന്നവരാണ്. ചെറുപ്പക്കാരൻ പയ്യൻ പണിയെടുക്കുന്നില്ല. ഇത് മിക്ക ട്രൂപ്പിലും സംഭവിക്കുന്നതാണ്. ‘എടാ… വന്നു പിടിക്കെടാ,’ എന്നൊരു ഡയലോഗ് എനിക്കു വേണമെങ്കിൽ ചേർക്കാമായിരുന്നു. പക്ഷേ, കയറ്റിയില്ല. അവൻ പുറകിൽ ഇങ്ങനെ നിൽക്കുന്നത് ആളുകൾ കാണും എന്നു ഞാൻ വിചാരിച്ചു. ആരും അത് ശ്രദ്ധിച്ചില്ല.”
“അങ്ങനെ ഒരു ദിവസം മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. അങ്ങനെയൊരു ഡയലോഗ് ചേർക്കാമായിരുന്നെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു, നീ അംബേദ്ക്കർ കണ്ടിട്ടുണ്ടോ? ഞാൻ പറഞ്ഞു, അങ്ങു നിന്നും ഇങ്ങും നിന്നുമായി കുറച്ചു കണ്ടിട്ടുണ്ട് എന്ന്. മൊത്തം ഒറ്റ ഇരിപ്പിന് കണ്ടിട്ടില്ല. വീണ്ടും അടുത്ത ചോദ്യം– ഡാനി എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും ഞാൻ അങ്ങുമിങ്ങുമൊക്കെയായി കണ്ടിട്ടുണ്ട്, എന്നായിരുന്നു എന്റെ മറുപടി.”
പിന്നീട് മമ്മൂട്ടി പറഞ്ഞു, നീ ഇപ്പോൾ പറഞ്ഞത്, നീ ചെയ്ത ഒരു വർക്ക് ജനങ്ങൾ കണ്ടില്ല എന്നുള്ളതിന്റെ വിഷമമാണ്. അതായത് നീ അധ്വാനിച്ച് ചെയ്തൊരു കാര്യം ജനങ്ങൾ കണ്ടില്ല. അങ്ങനെ വിഷമിക്കാൻ നിന്നാൽ ഒരു കാര്യവുമില്ല. നമ്മുടെയൊക്കെ എത്ര കണ്ടിട്ടുണ്ടോ അത്രയും തന്നെ ആളുകൾ കാണാതെയും ഇരുന്നിട്ടുണ്ട്. അതുകൊണ്ട് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവുക. എന്നെങ്കിലും ഒരിക്കൽ ഇതൊരു സക്സസ് പോയിന്റിലെത്തും.”