അങ്ങനെയൊന്നും വീണു പോകുന്നവരല്ല തങ്ങളെന്ന് വ്യക്തമാക്കി താരങ്ങളായ ഭാവനയും രമ്യ നമ്പീശനും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ റീൽസിലാണ് ഭാവനയും രമ്യയും ഇക്കാര്യം പങ്കുവെക്കുന്നത്. ഇത്തവണ ജഗതി ശ്രീകുമാറിന്റെ ഒരു ഹാസ്യരംഗമാണ് താരങ്ങൾ റീൽസ് ആക്കാൻ തിരഞ്ഞെടുത്തത്. ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സംഭാഷണ രംഗമാണ് ഡബ്സ്മാഷ് ചെയ്ത് ഇൻസ്റ്റഗ്രാം റീൽസിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സംഭാഷണത്തിലെ ഒരു ഡയലോഗ് ആയ ‘വീഴും എഴുന്നേൽക്കും, വീഴും എഴുന്നേൽക്കും’ എന്നത് അടിക്കുറിപ്പാക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അടിപൊളി സ്റ്റൈലിലാണ് താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള കിടിലൻ ലുക്കിലാണ് ഭാവന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് പുറത്ത് വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഒഴിവുള്ള സമയങ്ങളിൽ ഇവർ പരസ്പരം കാണുകയും തങ്ങളുടെ സൗഹൃദനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെയ്ക്കാറുമുണ്ട്. രമ്യ നമ്പീശനെ കൂടാതെ സയനോര, ശിൽപ ബാല, മൃദുല മുരളി എന്നിവരും ഭാവനയുടെ അടുത്ത കൂട്ടുകാരാണ്. കഴിഞ്ഞയിടെ കൂട്ടുകാരെല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ ‘ഥാൽ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിന് ചുവട് വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരുന്നു.
View this post on Instagram
വിവാഹത്തിനു ശേഷം ഭർത്താവ് നവീനൊപ്പം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന. അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2018ൽ ആയിരുന്നു ഭാവനയുടെ വിവാഹം. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമാണ്.