പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ മലയാളം പതിപ്പിന്റെ രണ്ടാം സീസൺ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തുവാൻ ഒരുങ്ങുകയാണ്. ആരൊക്കെയായിരിക്കും അതിൽ മത്സരാർത്ഥികൾ എന്നറിയുവാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അവതാരകയും ആദ്യ സീസണിലെ മത്സരാർത്ഥിയുമായിരുന്ന രഞ്ജിനി ഹരിദാസ് ബിഗ് ബോസ്സിന്റെ രണ്ടാം സീസണിൽ ഉൾപ്പെടുത്തേണ്ട ഒരാളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 2013ലെ സോളാർ കേസിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് സരിത നായർ. ബിഗ് ബോസ്സിൽ സരിതയെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് രഞ്ജിനി ഹരിദാസ് പറയുന്നത് ഇങ്ങനെ.
എല്ലാവരാലും ഏറെ വിധിക്കപ്പെട്ട ഒരാളാണ് സരിത. അത് കൊണ്ട് തന്നെ ഒരു വ്യക്തി എന്ന നിലയിൽ സരിതയെ കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ അവരെ കുറിച്ച് വായിച്ചിട്ടുള്ളതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമാണ് സരിതയുടെ അഭിമുഖങ്ങളിൽ ഞാൻ കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിലേക്ക് സരിത വന്നാൽ അത് അവരുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സഹായിക്കും.
ബിഗ് ബോസ്സിന്റെ ആദ്യ സീസണിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇത്ര പ്രസിദ്ധമായ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനുള്ള ആകാംക്ഷ കൊണ്ടാണ് അതിൽ പങ്കെടുത്തത് എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. ഇത് ഒരു സെലിബ്രിറ്റി ഷോയോ റിയാലിറ്റി ഷോയോ അല്ല, മറിച്ച് ഒരു പരീക്ഷണം ആണെന്ന് പറഞ്ഞ രഞ്ജിനി പുതിയതായി വരുന്ന മത്സരാർത്ഥികളോട് ഈ ഷോയിൽ അവസാനം വരെ പിടിച്ചു നിൽക്കണമെങ്കിൽ അധികം റിയൽ ആകരുതെന്ന് എന്നൊരു ഉപദേശവും കൊടുത്തിട്ടുണ്ട്.