ഫരീദാബാദില്‍ നടക്കുന്നത് പിടിച്ചുപറിയാണെന്ന് പരസ്യ പരാതി ഉയർത്തിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയെ വേദിയിലിരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെയാണ് അദ്ദേഹം പരാതി ഉയർത്തിയത്. സിനിമയില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്ക് വേണ്ടി ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിൽ പിടിച്ചുപറിയും പകൽ കൊള്ളയുമാണ് നടക്കുന്നത് എന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച വാദം. ഗുഡ്നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ കോഴിക്കോട്ടെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്.
അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് മദ്രാസില്‍ നിന്ന് ഫരീദാബാദിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് സിനിമാനിർമാതാക്കൾ വലിയ രീതിയിലുള്ള പിടിച്ചുപറിക്കാണ് ഇരകളാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ഡ്രാമ എന്ന ചിത്രത്തിൽ കുതിരകളെ ഉപയോഗിച്ചിരുന്നു. അതിന്റെ പേരിൽ ആ സീൻ തന്നെ ചിത്രത്തിൽ നിന്നും ഒഴിവാക്കേണ്ടിവന്നു. അഞ്ച് ലക്ഷം രൂപയാണ് ഫരീദാബാദിലെ ഓഫീസ് സാധാരണ ചോദിക്കാറുള്ളത്. ഓഫീസിൽ സാക്ഷ്യപത്രം വാങ്ങിക്കാനായി പോയപ്പോൾ അവിടെ രണ്ടു മൂന്നു ദിവസം സ്റ്റാഫ് ഇല്ലാതിരുന്നതിനാലും റിലീസ് തീയതി നേരത്തെ തീരുമാനിച്ചതിനാലും ആ സീൻ ഒഴിവാക്കേണ്ടി വന്നു.