അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ ഓടിടി റിലീസ് നടന്നിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ രണ്ടാം ഭാഗത്തിന് അല്ലു അർജുൻ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. ഇപ്പോഴിതാ നായിക രശ്മികയും തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്.
സുകുമാർ സംവിധാനം നിർവഹിച്ച ചിത്രം പക്കാ എന്റർടൈനറാണ്. പ്രേക്ഷകർ വീണ്ടും വീണ്ടും തീയറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം കണ്ടാണ് അഭിനേതാക്കൾ പ്രതിഫലം കൂട്ടി ചോദിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിന് 2 കോടി പ്രതിഫലം വാങ്ങിച്ച രശ്മിക ഇപ്പോൾ അൻപത് ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് തന്റെ പ്രതിഫലം 3 കോടിയാക്കുവാനാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. അണിയറപ്രവർത്തകർ സന്തോഷത്തോടെ അത് അംഗീകരിച്ചുവെന്നാണ് അറിയുവാൻ കഴിഞ്ഞത്.
30 – 32 കോടി ആദ്യഭാഗത്തിന് വാങ്ങിച്ച അല്ലു അർജുൻ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം പുഷ്പ: ദി റൂൾ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.