അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രമായ പുഷ്പ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലും പുഷ്പയുടെ ഭാഗമാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളായ അല്ലു അർജുനും രശ്മിക മന്ദാനയും കൊച്ചിയിലെത്തി. കൊച്ചിയുടെ ഹൃദയം കീഴക്കിയ രശ്മിക പുഷ്പയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ടെന്നും പറഞ്ഞു. പുഷ്പ തന്നെ സംബന്ധിച്ച് ഒരു പഠനയാത്ര ആയിരുന്നെന്നും രശ്മിക വ്യക്തമാക്കി.
പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ താൻ ആകെ പരിഭ്രാന്തയായിരുന്നു എന്നും അപ്പോൾ ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുതെന്നാണ് അല്ലു തന്നോട് പറഞ്ഞതെന്നും രശ്മിക നേരത്തെ പറഞ്ഞിരുന്നു. തെന്നിന്ത്യൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യഭാഗം ഡിസംബർ 17ന് റിലീസ് ചെയ്യും.
ശ്രീവല്ലി എന്ന കഥാപാത്രമായാണ് സിനിമയിൽ രശ്മിക എത്തുന്നത്. അല്ലു അർജുന്റെ നായികയായി ആദ്യമായാണ് രശ്മിക എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇത് സ്വപ്നസാക്ഷാത്ക്കാരം ആണെന്നും തന്റെയും അല്ലുവിന്റെയും കെമിസ്ട്രി സ്ക്രീനിൽ നന്നായി വർക് ഔട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രശ്മിക വ്യക്തമാക്കി. അല്ലുവിനൊപ്പം ഒരു നൂറു സിനിമകൾ കൂടി ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കവെ രശ്മിക പറഞ്ഞിരുന്നു.