വധഗൂഢാലോചനക്കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സുഹൃത്തുക്കള്‍. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, സംവിധായകന് വ്യാസന്, സംവിധായകന് ഡിറ്റോ, ഗാനചരയിതാവ് രാജീവ് ആലുങ്കല്‍ എന്നിവരാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ദൈവം വലിയവനെന്നായിരുന്നു നാദിര്‍ഷയുടെ പ്രതികരണം. നാദിര്‍ഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായകന് വ്യാസന് കുറിച്ചത് ഇങ്ങനെ; ‘ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ‘ക്ഷീരമുള്ളോരകിടിന് ചുവട്’, ദിലീപ് തന്നെ!! മാധ്യമ ധര്‍മ്മം’. ദിലീപിന് സ്വാഭാവിക നീതി കിട്ടിയെന്നായിരുന്നു സംവിധായകന് ഡോണ്‍ ഡിറ്റോ പറഞ്ഞത്. പൊലീസിന്റേയും ചാനലുകളുടേയും നിചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞുവെന്നും ഇതില്‍ സന്തോഷമെന്നും ജോണ്‍ ഡിറ്റോ പറഞ്ഞു. ഗോഡ് ഈസ് ഗ്രേറ്റ്, സത്യം ജയിച്ചു എന്ന് ഗാനചരയിതാവ് രാജീവ് ആലുങ്കലും പറഞ്ഞു.
വധഗൂഢാലോചന കേസില്‍ ഉപാധികളോടെയാണ് ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോസ്ഥരുമായി പ്രതികള്‍ സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷന് രേഖാമൂലം കോടതിയില്‍ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത്. എന്നാല്‍ ദിലീപിന്റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു.