ദിശ തെറ്റിവന്ന കെഎസ്ആർടിസിയുടെ മുന്നിൽ സ്കൂട്ടർ നിർത്തിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കെഎസ്ആർടിസി ഡ്രൈവറെ മര്യാദ പഠിപ്പിച്ച യുവതി എന്ന പേരിലാണ് ഈ വീഡിയോ പ്രചരിച്ചത്. പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം സംഭവിച്ച ഈ കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് യുവതിയും കെഎസ്ആർടിസി ഡ്രൈവറും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ സൂര്യ മനീഷ് മനസ്സുതുറന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആ വീഡിയോയിൽ സംഭവത്തിന്റെ അവസാനഭാഗം മാത്രമേ ഉള്ളൂവെന്നും താൻ ഒരിക്കലും ആ ബസ് ഡ്രൈവറെ വെല്ലുവിളിക്കുക ആയിരുന്നില്ല എന്നും സൂര്യ പറയുന്നു.
വീതികുറഞ്ഞ ആ റോഡിൽ കെഎസ്ആർടിസി ഓവർടേക്ക് ചെയ്തു വരുന്നത് കണ്ടു താൻ മരവിച്ചു പോയി എന്നാണ് സൂര്യ പറയുന്നത്. മുന്നോട്ടുപോകാൻ സ്ഥലമില്ലാത്തതിനാൽ മാത്രമാണ് താൻ വണ്ടി അവിടെ നിർത്തിയത് എന്നും പക്ഷേ അത് റോഡിന് നടുക്ക് ആയി പോയി എന്ന് ഞാൻ ഓർത്തില്ല എന്നും സൂര്യ തുറന്നുപറയുന്നു. ആ സമയത്ത് കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ താൻ ഇപ്പോഴും ഓർക്കുന്നു എന്നും ആദ്യം അമ്പരപ്പും പിന്നീട് നടുക്കവും പിന്നീട് ചിരിയും വിടർന്നു എന്നും സൂര്യ പറയുന്നു. ദിശ തെറ്റി വന്ന കെഎസ്ആർടിസി ഡ്രൈവറെ സമൂഹമാധ്യമങ്ങൾ വിമർശിക്കുമ്പോൾ സൂര്യ പറയുന്നത് ഡ്രൈവറുടെ മനസ്സാന്നിധ്യം ആണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ്. സൂര്യയുടെ വിശദീകരണത്തിന് സമാനമായ രീതിയിലാണ് കെഎസ്ആർടിസി ഡ്രൈവറും കാര്യങ്ങൾ പറഞ്ഞത്.