ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച രേഖയ്ക്കും അശ്വിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായിരിക്കുകയാണ് ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിന് കുഞ്ഞുമോനും. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.
ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍ ഇന്നു രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു അശ്വിന് കുഞ്ഞുമോനും രേഖയും. ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്.
കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിവരമറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് താമസിക്കുമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലന്‍സിനായി കാത്തിരുന്നുവെങ്കില്‍ രോഗിയുടെ ജീവന് നഷ്ടമായേനെ എന്നിടത്താണ് ഇവരുടെ ജാഗ്രതയുടെ വില ഒരു ജീവനോളം വലുതാവുന്നത്.