നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിൽ പ്രതികരിച്ചുകൊണ്ട് രേവതി രംഗത്തെത്തിയിരിക്കുകയാണ്. നടൻ സിദ്ദിഖും നടിയായ ഭാമയുമാണ് കൂറുമാറിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി പ്രതികരണം അറിയിച്ചത്. സിനിമാമേഖലയിലെ സ്വന്തം സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണെന്ന് രേവതി പറയുന്നു. സിദ്ദിഖ് കൂറുമാറിയത് മനസ്സിലാക്കാം എന്നും പക്ഷേ ഭാമ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ തനിക്ക് മനസ്സിലായില്ല എന്നും രേവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്വന്തം സഹപ്രവർത്തകരെ പോലും വിശ്വസിക്കുവാൻ സാധിക്കില്ല എന്നതിലേറെ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാവരും പിന്മാറുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച് ജോലി ചെയ്തതിന്റെയും ഓര്‍മ്മ അപ്പോള്‍ ആര്‍ക്കുമില്ല.
പ്രസിദ്ധമായതെങ്കിലും ഈ ദിവസങ്ങളില്‍ അധികം സംസാരിക്കാത്ത, 2017ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കറും നേരത്തെ കൂറുമാറിയിരുന്നു. അവരില്‍ നിന്ന് കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലാക്കാം, പക്ഷെ ഭാമ? ഒരു സുഹൃത്ത് ആയിരുന്നിട്ടും സംഭവ ശേഷം പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നു.
അക്രമത്തെ അതിജീവിച്ച നടി നീതി ലഭിക്കാന്‍ ഈ വര്‍ഷങ്ങളത്രയും കടന്നുപോയത് കഷ്ടപ്പാടുകൾ നിറഞ്ഞ സമയങ്ങളിലൂടെയാണ്. എല്ലാ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നതിനുള്ള ഒരു തുടക്കമാകും ഇത്. അതിജീവിച്ച ഒരാള്‍ പരാതി നല്കുമ്പോള്, അവരുടെ ജീവിതത്തിലും കുടുംബത്തിലും എന്താണ് സംഭവിക്കുന്നതെന്ന് ആരും ചിന്തിക്കാത്തതെന്താണ്? അവളോടൊപ്പം ഉണ്ടായിരുന്നവര്‍ ഇപ്പോഴും അവളോടൊപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.’