ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന് കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. ‘പൊളി സാനം’ എന്ന അപരനാമത്തില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു. കഴിഞ്ഞ ദിവസമാണ് റിച്ചാര്‍ഡ് തന്റെ യൂടൂബ് ചാനലിലൂടെ കേട്ടാല്‍ അറക്കുന്ന വാക്കുകളാല്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ഇ ബുള്‍ജറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍സെല്‍ സി.ഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ പിടികൂടി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു.തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാര്‍ഡിന്റെ മൊബൈല്‍ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് ലാബിലേക്ക് അയക്കും.ഐ.പി.സി.153,294.ബി,34 വകുപ്പുകള്‍ പ്രകാരം സാമൂഹ്യമാധ്യമങളിലൂടെ കലാപാഹ്വാനം, അസഭ്യവര്‍ഷം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ഈ ദൃശ്യങ്ങള്‍ യ്യുട്യൂബില് പങ്കിടുകയും ചെയ്ത എറണാകുളം സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്. നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ആളാണ് റിച്ചാര്‍ഡ്. സമൂഹമാധ്യമങ്ങളില്‍ ‘പൊളിസാനം’ എന്ന അപരനാമത്തിലാണ് റിച്ചാര്‍ഡ് അറിയപ്പെടുന്നത്.
ഇ ബുള്‍ ജെറ്റ് ബ്രദേഴ്സ് എന്ന പേരിലറിയപ്പെടുന്ന വ്ളോഗര്‍മാരായ ലിബിനും എബിനും കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രുപയുടെ രണ്ട് ആള്‍ജാമ്യത്തിനൊപ്പം എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാണമെന്നും ഓരോരുത്തരും 3500 രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. ആര്‍ടി ഓഫീസില്‍ സംഘര്‍ഷം സൃഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവരേയും ഇന്നലെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരുന്നു.