ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിമിടോമി. തന്റെ സംസാര ശൈലി കൊണ്ടും അഭിനയം കൊണ്ടും ഗാനം കൊണ്ടും ഏറെ ശ്രദ്ധ നേടുവാൻ റിമി ടോമിക്ക് സാധിച്ചു. അവതാരികയായി ഇന്ന് പല ടിവി പ്രോഗ്രാമുകളിലും തിളങ്ങുകയാണ് താരം. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്.
കന്യാസ്ത്രീ മഠത്തിൽ ചേരാൻ പോയ റിമിടോമി ഗായികയായി തീർന്നതിനെ കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. കന്യാസ്ത്രീ അല്ലെങ്കിൽ നേഴ്സ് ഇതിലേതെങ്കിലുമൊന്ന് താൻ ആകുമായിരുന്നു എന്നാണ് റിമി ടോമി പറയുന്നത്.
റിമി ടോമിയുടെ വാക്കുകൾ:
കന്യാസ്ത്രീ അല്ലെങ്കില്‍ നഴ്സ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് ഞാൻ ആകുമായിരുന്നു. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ഉറപ്പായും മഠം പൊളിച്ച് ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടു. പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയര്‍ പാടുന്ന വ്യക്തിയായിരുന്നു ഞാന്‍. എല്ലാ കുർബാനയിലും മുടങ്ങാതെ ഞാന്‍ പങ്കെടുത്തിരുന്നു. അങ്ങനെ എന്നെ സഭയില്‍ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒന്‍പതാം ക്ലാസ് വരെ ഞാനും അതിന് സമ്മതം മൂളി. പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. പെണ്‍കുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. അപ്പോള്‍ സിസ്റ്റര്മാര് വിളിക്കാന്‍ വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സിസ്റ്ററെ ഇപ്പോള്‍ കന്യാസ്ത്രീ ആകാന്‍ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോള്‍ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നു.