സ്വർണത്തളികയിൽ വിഭവസമൃദ്ധമായ താലി മീൽസ് കഴിച്ച് റിമി ടോമി. യുട്യൂബിലെ തന്റെ ഒഫീഷ്യൽ ചാനലിലാണ് റിമി ടോമി ഇത് ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ജുഹുവിലെ മഹാരാജ ഭോഗിൽ നിന്നായിരുന്നു സമൃദ്ധമായ താലി മീൽസ് റിമി കഴിച്ചതും അതിന്റെ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചതും. സഹോദരൻ റിങ്കുവും റിമിക്ക് ഒപ്പമുണ്ടായിരുന്നു. ജുഹു ബീച്ചിന്റെ എതിർ വശത്തായിട്ടാണ് മഹാരാജ ഭോഗ്. ‘സ്വർണത്തളികയിൽ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റിമിയും റിങ്കുവും ഒരു വലിയ താലി മീൽസ് കഴിക്കുന്നത് വീഡിയോയിൽ കാണുന്നതാണ്. വീഡിയോ തുടങ്ങുമ്പോൾ ആദ്യം മേശയ്ക്കരികിലേക്ക് കൈ കഴുകാൻ വെള്ളവുമായി ഒരാൾ എത്തുന്നു. കൈകഴുകി കഴിയുമ്പോഴേക്കും ഓരോരോ വിഭവങ്ങൾ എത്തുകയാണ്. ഓരോ വിഭവവും എന്താണെന്ന് പരിചയപ്പെടുത്തിയാണ് റിമി കഴിക്കുന്നത്.
ഇടയ്ക്ക് ഹോട്ടലിലെ ജീവനക്കാരോട് ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കാണുമ്പോൾ മുഖത്ത് അത്ഭുത ഭാവം വിരിയുന്നുണ്ട്. ഇത്രയും പേർ വിഭവസമൃദ്ധമായ വലിയ താലി മീൽസ് കഴിച്ചിട്ടും ചെറിയ തുക മാത്രമാണ് ബിൽ ആയതെന്ന് താരം പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. നിരവധി പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിട്ടുണ്ട്.