മലയാള സിനിമയിൽ നായികയായും സഹ നടിയായും ഒരുപോലെ തിളങ്ങിയ ഒരു താരമാണ് റോമ. മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് ഉയർത്തപ്പെടുന്നതിനിടെയാണ് താരം പെട്ടെന്ന് അഭിനയ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായത്. 2017 ൽ പുറത്തിറങ്ങിയ സത്യ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇതിനിടെ താരം സിനിമകൾ ഉപേക്ഷിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തുകയാണ്.
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫും മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തിടെ തൃശൂരില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ അക്ഷയ്യുടെ സഹോദരിയായി ആണ് റോമ എത്തുന്നത്. ജീവൻ ലാൽ തിരക്കഥയെഴുതുന്ന വൈശാഖ് രാജന്, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്. ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലീല ഗിരീഷ് കുട്ടപ്പനാണ്.