പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് നാളെ പുറത്തിറങ്ങാനിരിക്കെ പ്രീ റിലീസ് ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. റിലീസിന് മുന്നോടിയായി പ്രേക്ഷകരില്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ടീസര്‍. റോഷാക്കിലെ പോസ്റ്ററുകള്ക്കുള്ളിലെ മുഖം മൂടിക്കാരനെ വെളിപ്പെടുത്തുന്ന ഒരു രംഗം ടീസറിലുണ്ട്. ഇത് ആസിഫ് അലിയാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. റോഷാക്കിലെ വില്ലന്‍ ആസിഫ് അലിയെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രശാന്ത് നാരായണന്, ചമയം – റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.