മലയാളി പ്രേക്ഷകരും ഇന്ത്യൻ സിനിമ ലോകവും ഒരേപോലെ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകൾക്കൊപ്പം മറ്റു രാജ്യങ്ങളിലും റീമേക്ക് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിൽ നെഗറ്റീവ് ടച്ചുള്ള വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീർ ആ കഥാപാത്രം ഒരിക്കലും രക്ഷപ്പെടണമെന്ന് താനും ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
അത്രയ്ക്ക് നെഗറ്റീവായ കഥാപാത്രമായിരുന്നു അത്. വീണ്ടും ആ കഥ ചര്‍ച്ചയാകുമ്പോള്‍ ഞാനുമായി എങ്ങനെ കണക്ട് ചെയ്യുമെന്ന് അറിയില്ല. ഇത്തവണയും ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലെയാണ് ചെയ്യുക എന്നാണ് കേട്ടത്. വരുണും വരുണിന്റെ തിരോധാനവും വീണ്ടും ചര്‍ച്ചാ വിഷയമാകും. അദൃശ്യമായെങ്കിലും വീണ്ടും സിനിമയില്‍ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. അതും സന്തോഷം.
ജീത്തു സര് ആണ് സംവിധായകന്. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ പ്രോഗ്രസ് ചെയ്യും എന്ന് പറയാന്‍ കഴിയില്ല. ആരും പ്രതീക്ഷിക്കാത്ത വഴികളില്‍ കൂടി സഞ്ചരിക്കുന്ന ആളാണ് അദ്ദേഹം. ദൃശ്യം 2വില്‍ ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഉണ്ടെന്നാണ് കേട്ടത്. മുരളി ഗോപി ചേട്ടന് ഒകെ വരുന്നുണ്ട്. എന്തായാലും പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നായിരിക്കും എന്നതില്‍ സംശയമില്ല.
ഗോസ്റ്റ് അപ്പിയറന്‍സിന് പോലും ചാന്‍സ് ഇല്ല. കാരണം അന്നത്തെ വരുണില്‍ നിന്നും എന്റെ രൂപം ഒരുപാട് മാറി. മാത്രമല്ല മരിച്ച ആളിനെ വീണ്ടും കാണിക്കണമെങ്കില്‍ ഫ്ളാഷ് ബാക്ക് മാത്രമേ വഴിയൂളളു. കഥ വരുണുമായി എങ്ങനെയാണ് ബന്ധപ്പെടുക എന്ന് അറിയില്ല, കുറ്റകൃത്യത്തിന്റെ വിധിന്യായം കഴിഞ്ഞു. ജോര്ജ്ജുകുട്ടിക്ക് വരുണിന്റെ മാതാപിതാക്കള്‍ മാപ്പ് കൊടുത്തുകഴിഞ്ഞു. ഇനിയങ്ങോട്ട് എങ്ങനെ കഥ പോകും എന്ന് കാത്തിരുന്ന് കാണുക തന്നെ. എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്.