സച്ചി തിരക്കഥയൊരുക്കിയ ഡ്രൈവിങ് ലൈസൻസിലും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിരാജ് പ്രധാന വേഷത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും അദ്ദേഹം നായകൻ ആണെന്ന് പറയാൻ സാധിക്കുകയില്ല. പൃഥ്വിരാജിനെ പോലെ ഉള്ള ഒരു വ്യക്തി ഇത്തരം വേഷങ്ങൾ ഏറ്റെടുക്കുമോ എന്ന് സഹതാരം ആയ ബിജുമേനോന് പോലും സംശയം തോന്നിയെന്ന് വെളിപ്പെടുത്തുകയാണ് സച്ചി. സച്ചി തിരക്കഥ മുഴുവൻ ആദ്യം കേൾപ്പിച്ചത് ബിജു മേനോനെ ആയിരുന്നു എന്നും അത് കേട്ടതിനു ശേഷം “എടാ ഇത് രാജു ചെയ്യുമോ, രാജു പലയിടങ്ങളിലും അദ്ദേഹം താണുപോകുന്നില്ലേ” എന്നായിരുന്നു ബിജുമേനോന്റെ ചോദ്യം എന്നും സച്ചി പറയുന്നു.
താഴ്ന്നു പോകുന്നത് പൃഥ്വിരാജ് അല്ലെന്നും അദ്ദേഹം ചെയ്യുന്ന കഥാപാത്രം ആണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം പൃഥ്വിരാജിന് ഉണ്ടെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പാണ് എന്നുമായിരുന്നു സച്ചിയുടെ പ്രതികരണം. രാജു ഈ കഥാപാത്രം ചെയ്യില്ലെന്ന് 2 ശതമാനം മാത്രമേ സച്ചി വിശ്വസിച്ചിരുന്നുള്ളൂ. പൃഥ്വിരാജിനോട് സച്ചി കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എന്തു തോന്നുന്നുവെന്ന തന്റെ ചോദ്യത്തിന് എന്ത് തോന്നാന്‍ ഞാനിത് ചെയ്യുന്നു എന്നാണ് രാജു പറഞ്ഞത് എന്നും സച്ചി പറയുന്നു.