റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്നമായിരുന്നു. അതിനുള്ള പേരും അദ്ദേഹം ഇട്ടിരുന്നു. ഇതിനെപ്പറ്റി നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്.
പോസ്റ്റ് ചുവടെ :
തുരുമ്പിച്ച നമ്മുടെ സ്വപ്നങ്ങൾ. അല്ലേ സച്ചിയേട്ടാ…സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ്…ഒരുപാട് പേരുകൾ മാറിമാറി അവസാനം സച്ചിയേട്ടൻ തന്നെ തിരഞ്ഞെടുത്തൊരു പേര്..
‘eika ‘ അനന്തത .. a symbol of infinity. Which leads to the Next Life . അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര… ഈ പേരിനു ഇത്രയും അർത്ഥങ്ങളുണ്ടായിരുന്നു.
വാക്കുകൾ കൊണ്ട് നെഞ്ചോട് ചേർത്തപ്പോ ..സ്നേഹക്കൂടുതൽ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പോഴും .. ഇതെന്റെ വിധിയാണ് …എന്റെ ഭാഗ്യമില്ലായ്മയാണ് .. സിനിമയിൽ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല..
ഒന്നിച്ചൊരു കൈകോർക്കാൻ നേരം അവിടെയുമെത്തി എന്റെ ദുർവിധി. ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു.
അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു..അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ ..നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ …നിങ്ങളെ മറക്കാതിരിക്കാൻ…