66 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾ കഴിഞ്ഞദിവസം നടക്കുകയുണ്ടായി. തമിഴ് ചിത്രം പേരൻമ്പിലെ പ്രകടനത്തിന് നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കാത്തതിനെത്തുടർന്ന് ജൂറിക്കെതിരെ ആരാധകർ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതിനെ തുടർന്ന് ജൂറി ചെയർമാൻ രാഹുൽ റവൈൽ നൽകിയ മറുപടിയും വിമർശിക്കപ്പെട്ടിരുന്നു. ചിത്രവും അതിലെ മമ്മൂട്ടിയുടെ പ്രകടനവും അതിഗംഭീരം ആയിരുന്നുവെങ്കിലും ചിത്രം പ്രാദേശിക പാനൽ തന്നെ തള്ളിക്കളഞ്ഞെന്നും ദേശീയ ജൂറിക്ക് മുൻപിൽ എത്തിയില്ലെന്നുമാണ് രാഹുൽ റാവെലിന്റെ വിശദീകരണം.
എന്നാൽ മമ്മൂട്ടിക്ക് വേണ്ടി വാദിക്കുന്നവർ സാധന എന്ന കൊച്ചു നടിയെ മറന്നു പോവുകയാണ്. സാധനയും പുരസ്കാരത്തിനർഹയായിരുന്നുവെന്ന് ചിത്രം കണ്ടവർക്ക് മനസ്സിലാകും. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് ഈ കൊച്ചു കലാകാരി അവതരിപ്പിച്ചത്. 16 വയസ്സുമാത്രം പ്രായമുള്ള സാധന ഒരു ഡയലോഗ് പോലും പറയാതെയാണ് പ്രേക്ഷകരുടെ കണ്ണ് നിറച്ചത്. റാമിന്റെ തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ പെൺകുട്ടി, അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂർണമായും തന്നിലേക്ക് സ്വാംശീകരിച്ച് കൈകാലുകൾ വളച്ചൊടിച്ചും വായ കോട്ടി പിടിച്ചും മുഴുനീളം ചിത്രത്തിൽ അഭിനയിക്കാൻ ശാരീരികമായും മാനസികമായും കഠിനപ്രയത്നം ചെയ്തു. പ്രാദേശിക ഭാഷാ ചിത്രങ്ങളും അഭിനേതാക്കളും അംഗീകരിക്കപ്പെടാതെ പോകുന്നതിൽ പ്രാദേശിക ജൂറിക്കുള്ള പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്