പ്രശസ്ത തിരക്കഥാകൃത്തും അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ സച്ചിയുടെ വേർപാട് വേദനാജനകമായിരുന്നു. സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. സച്ചിയെ പറ്റിയുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് എഡിറ്റർ സാഗർ ദാസ്. ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കവെ സച്ചി അദ്ദേഹത്തെ കാണുവാൻ എത്തിയ ഓർമ്മയാണ് അദ്ദേഹം പറയുന്നത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് തനിക്കിപ്പോൾ മുന്നോട്ടേക്ക് ജീവിക്കുവാൻ ഊർജ്ജം നൽകുന്നത് എന്നും അദ്ദേഹം പറയുന്നു.
കുറിപ്പ് :
ഒരു ചെറിയ വലിയ ഓർമ (സത്യം )..
ബ്രെയിൻ ട്യൂമറിന്റെ ന്റെ ഒാപ്പറേഷൻ കഴിഞ്ഞ ഞാൻ ലിസി ആശുപത്രിയിലെ റൂം നമ്പർ 1025 ൽ കിടക്കുന്ന സമയം. ഫോൺ ആയിരുന്നു ആ സമയത് എന്റെ ആത്മ സുഹൃത്. അതും കുറച്ച നേരം മാത്രം. അപ്പോഴാണ് വില്ലന്റെ എൻട്രി ടൈം. ഒരു പനി. ലിസിയിലെ എല്ലാ ഡിപ്പാർട്മെന്റിലെയും സ്പെഷ്യലിസ്റ്റുകൾ വന്നു നോക്കിയിട്ടും പനിയുടെ കാരണം മനസ്സിലാകുന്നില്ല. പനി അങ്ങനെ കൊടികുത്തി വാഴുന്നു. അഡ്മിറ്റ് ആയിട്ട് ഒന്നര മാസം ആകുന്നു. പനി മാറുന്നില്ല. പനി മാറാതെ എന്നെ ഡിസ്ചാർജ് ചെയ്യാനും സമ്മതിക്കില്ല. പനിയുടെ കാരണം കണ്ടുപിടിക്കാനും കഴിയുന്നില്ല.
ജീവനോടെ 1025–ന്റെ പുറത്തുപോകാമെന്നുള്ള എന്റെ പ്രതീക്ഷ അസ്തമിച്ചുതുടങ്ങി. ദിവസവും 11000 രൂപയുടെ ആന്റിബിയോട്ടിക്സ് കുത്തിവെക്കുവാൻ തുടങ്ങി. തിയേറ്റർ വിട്ടുപോകാൻ മടിയുള്ള സൂപ്പർഹിറ്റ് പടങ്ങളെപോലെ പനി തകർത്തു ഓടുന്നു. അറിഞ്ഞും കേട്ടും ഹോസ്പിറ്റലിൽ വരുന്നവർക്ക് എന്നെ കാണാനുള്ള അനുവാദം പോലും ഇല്ലായിരുന്നു. ഇൻഫെക്ഷൻ ആയാൽ എന്റെ അവസ്ഥ ക്രിട്ടിക്കൽ കണ്ടീഷനിലേക്ക് നീങ്ങുമെന്നതിനാൽ വരുന്നവരെല്ലാം റൂമിനു വെളിയിൽ നിൽക്കുന്ന എന്റെ സുഹൃത്തുക്കളോടും അച്ഛനോടും അമ്മയോടും കാര്യങ്ങൾ തിരക്കി മടങ്ങി പോവുകയായിരുന്നു പതിവ്. അതിനുള്ള സാഹചര്യമേ ഉണ്ടായിരുന്നുള്ളു.
അങ്ങനെ അയാളും ഒരുദിവസം ഇതറിഞ്ഞു. “വരണ്ട, വന്നിട്ട് കാര്യമില്ല” എന്ന് എല്ലാവരോടും പറയാറുള്ള സ്ഥിരം പല്ലവി ഞാൻ ആവർത്തിച്ചു. പക്ഷെ അയാൾ വന്നു.ലൂർദ് ആശുപത്രിയിലെ ഏതോ ഒരു റൂം നമ്പർ 1025 മുമ്പിൽനിന്നു എന്നെ വിളിച്ചു. ഹോസ്പിറ്റൽ മാറിപ്പോയെന്നു അപ്പൊഴാന്ന് അയാൾക്ക് മനസിലായത്. അവിടെനിന്നു അയാൾ അപ്പൊത്തന്നെ ലിസിയിലേക്ക് പോന്നു. അയാൾ ആരാണെന്നും എന്താണെന്നും അറിഞ്ഞപ്പോൾ ഡോക്ടേഴ്സ് അയാൾക്ക് എന്നെ കാണാനുള്ള അനുവാദം കൊടുത്തു. അയാളെപ്പോലൊരു വ്യക്തിക്ക് എന്നെ ഒരുകാരണവശാലും വന്നു കാണേണ്ട ആവശ്യവും ഇല്ല. പ്രോട്ടോക്കോൾ അനുസരിച്ചു അയാളേക്കാൾ 100 പടി താഴെയാണ് ഞാൻ. വന്നു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഏതോ അമ്പലത്തിൽനിന്നും എന്റെപേരിൽ എന്തോ പൂജ ഒക്കെ കഴിച്ചു ആ പ്രസാദവും കൊണ്ടാണ് വന്നിരിക്കുന്നത്.
ജപിച്ചു കെട്ടിയ ചരടുകൾക്കും ഏലസ്സിനും ഒക്കെ സ്ഥാനം 1025 നു പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രസാദം കഴിക്കാൻ എന്നെ ഡോക്ടർമാർ അനുവദിച്ചില്ല. ഒരു സംവിധായകനും സ്പോട്ട് എഡിറ്ററും തമ്മിലുള്ള ബംന്ധമായിരുന്നില്ല അയാൾക്ക് എന്നോടും എനിക്ക് തിരിച്ചും. 20 മിനിട്ടോളം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ അയാൾ എന്നോട് ഒരു വാക്കു പറഞ്ഞു. ജീവനോടെതന്നെ 1025’നോട് ടാറ്റ പറഞ്ഞ് ഇറങ്ങണം എന്ന് എന്നെ തോന്നിപ്പിച്ച, ജീവിതം ഇവിടെ തീരാനുള്ളതല്ല എന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനും മാത്രം കാമ്പുള്ള അയാളുടെ ആ വാക്ക്. അയാളുടെ ആ വാക്കിനു ഇന്ന് എന്റെ ജീവന്റെ വിലയുണ്ട്. എന്റെ അച്ഛനോ അമ്മക്കോ മറ്റാർക്കും അറിയാത്ത സത്യം…അയാൾ സച്ചിയേട്ടൻ.