തട്ടീം മുട്ടീം സീരിയലിലെ ആദിയെ അവതരിപ്പിക്കുന്ന സാഗർ സൂര്യ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. നർമത്തിൽ ചാലിച്ച അഭിനയം തന്നെയാണ് സാഗർ സൂര്യയെ പ്രേക്ഷകരുടെ മനം കീഴടക്കുവാൻ സഹായിച്ചത്. ഈ അടുത്താണ് താരത്തിന് തന്റെ അമ്മയെ നഷ്ടമായത്. ആ വേദനയിൽ നിന്നും താരം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തന്റെ അമ്മയോടുള്ള പകരം വെക്കാനില്ലാത്ത സ്നേഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അമ്മയുടെ ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് താനെന്നും സാഗർ പറയുന്നു.
എനിക്ക് എന്തിനും ഏതിനും അമ്മ വേണമായിരുന്നു. അമ്മ പോയിട്ട് ഇപ്പോൾ രണ്ടു മാസമായി. ഇപ്പോഴും എനിക്ക് പഴയ പോലെയാകുവാൻ ആയിട്ടില്ല. അമ്മയായിരുന്നു എന്റെ ശക്തി. എന്തെങ്കിലും ഒരു ജോലിക്ക് പോകുവാൻ പറഞ്ഞ് അമ്മ എന്നെ ഒരിക്കലും നിർബന്ധിച്ചിട്ടില്ല. പകരം എന്റെ പാഷന് പിന്നാലെ പോകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അമ്മയും അച്ഛനും ഞാനും സഹോദരനുമുള്ള കുടുംബം പൂർണവും സന്തോഷം നിറഞ്ഞതുമായിരുന്നു. ദൈവം ഒരു പക്ഷേ ഞങ്ങളുടെ കാര്യത്തിൽ അസൂയാലുവായിരുന്നു കാണും. അതായിരിക്കും അമ്മയെ ഞങ്ങളിൽ നിന്നും അകറ്റിയത്. ഇതിലും വലിയൊരു നഷ്ടം ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാകില്ല.
അമ്മക്ക് വേണ്ടി ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്നത് എന്നെ എയർ വിഷമപ്പെടുത്തുന്നുണ്ട്. എന്റെ കരിയർ തുടങ്ങിയ സമയമായിരുന്നതിനാൽ ഞാൻ അധ്വാനിച്ച് നേടിയതിൽ നിന്നും ഒന്നും അമ്മക്ക് വാങ്ങിക്കൊടുക്കുവാനും സാധിച്ചിരുന്നില്ല. ഞാൻ ഒരിക്കൽ വിജയം നേടുമെന്ന ഒരു വിശ്വാസം അമ്മക്ക് നൽകുവാൻ സാധിച്ചു എന്ന കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഞാൻ അഭിനയിക്കുന്നതും പ്രശസ്തി നേടുന്നതും കാണുവാൻ അമ്മക്ക് സാധിച്ചു. മറ്റുള്ളവർക്ക് ഇപ്പോഴും നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അമ്മ. കൈയ്യിൽ പണം വരുമ്പോൾ ഞങ്ങളുടെ അയൽവക്കകാരനും കുടുംബത്തിന് ഏറെ സഹായം ചെയ്യുന്നതുമായ ചേട്ടന് വീട് വെച്ച് നൽകണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അമ്മയുടെ ആ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങി കഴിഞ്ഞു. അതുപോലെ തന്നെ അച്ഛനെയും സഹോദരനേയും നന്നായിട്ട് നോക്കുകയും വേണം.