സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി.
പ്രേമം എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഇന്നലെ അഞ്ചുവർഷം തികഞ്ഞിരിക്കുകയാണ്. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിൽ മലയാളികൾക്ക് താനിപ്പോഴും മലർ മിസ്സ് ആണെന്ന് പറയുകയാണ് സായിപല്ലവി. ”ഈയടുത്താണ് ഇത് സംഭവിച്ചത്. ഒരു മലയാളി സ്ത്രീ വന്ന് ഇത് എന്റെ മലര് മിസ് അല്ലേ എന്ന് ചോദിക്കുകയായിരുന്നു. എന്റെ മലര് മിസ് അല്ലേ എന്നാണ് അവര് ചോദിച്ചത്” എന്ന് സായ് പല്ലവി പറഞ്ഞു. താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ തന്നെ ഓർക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സായിപല്ലവി പറയുന്നു.
മലയാളത്തിലെ പ്രിയതാരം നിവിൻപോളിയുടെ കരിയർ മാറ്റി കുറിച്ച് ചിത്രമാണ് പ്രേമം. ആ ചിത്രം അദ്ദേഹത്തെ തെന്നിന്ത്യ മുഴുവനും പ്രശസ്തനാക്കി. ഈ അൽഫോൻസ് പുത്രൻ ചിത്രം നിവിൻ പോളിക്കു തമിഴിലും തെലുങ്കിലും എല്ലാം ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.