ഹരിഹരൻ ഒരുക്കിയ മയൂഖത്തിലൂടെയാണ് സൈജു കുറുപ്പും മമ്താ മോഹൻദാസും മലയാളികൾക്ക് ചിരപരിചിതരായത്. ആ ചിത്രത്തിലെ യുവത്വത്തിന്റെ കലിപ്പ് നിറഞ്ഞ കഥാപാത്രത്തിൽ നിന്നും മികച്ച കൊമേഡിയൻ, ക്യാരക്ടർ റോൾ തുടങ്ങിയ വേഷങ്ങളിലേക്കുള്ള സൈജു കുറുപ്പിന്റെ വളർച്ച അത്ഭുതത്തോടെയാണ് മലയാളി നോക്കിക്കണ്ടത്. മംമ്തയും കഴിഞ്ഞ ഒന്നര ദശകത്തോളമായി നായിക വേഷത്തിൽ ഒട്ടും കോട്ടം തട്ടാതെ നിലനിൽക്കുന്നുമുണ്ട്. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ടോവിനോ തോമസ് നായകനാകുന്ന ഫോറൻസിക് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ സൈജു കുറുപ്പ് പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.
15 വർഷങ്ങൾക്ക് മുൻപ് ഹരിഹരൻ സാർ മയൂഖത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ കുട്ടികളായിരുന്നു, സാധാരണ വിദ്യാർത്ഥികൾ. കൂടുതൽ അനുഭവ സമ്പത്തോടെ കുറെയേറെ പോരാട്ടങ്ങൾക്ക് ശേഷം പലതും പഠിച്ച് 15 വർഷങ്ങൾക്കിപ്പുറം ഞങ്ങൾ വീണ്ടുമൊന്നിക്കുകയാണ്. ഓർമ്മകൾ പലതും വീണ്ടും വരുന്നുണ്ട്. അഖിൽ പോളും അനസ് ഖാനും ഒരുക്കുന്ന ഫോറൻസികിലൂടെ മമ്തക്കൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷമുണ്ട്. എന്റെ ബ്രദർ ടോവിനോക്കൊപ്പം വീണ്ടും അഭിനയിക്കുവാൻ സാധിച്ചതിലും ഏറെ സന്തോഷമുണ്ട്.