മലയാളികളുടെ പ്രിയപ്പെട്ട താരം ധർമജൻ ബോൾഗാട്ടി ധർമൂസ് എന്ന പേരിൽ ഫിഷ് ഹബ് തുടങ്ങിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.ഇപ്പോളിതാ ധർമജന്റെ മീൻകച്ചവടത്തിൽ പങ്കാളികൾ ആയിരിക്കുകയാണ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ടിനി ടോം,വിജയ രാഘവൻ തുടങ്ങിവർ.ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസികളാണ് ഇവർ സ്വന്തമാക്കിയത്.
ഇതിൽ പിഷാരടിയുടെ മൽസ്യ കടയുടെ ഉൽഘാടനം നടന്നു.വെണ്ണലയിലാണ് കട.ഉൽഘാടനത്തിൽ സലിം കുമാർ പറഞ്ഞ പ്രസംഗം എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു
സലിം കുമാറിന്റെ വാക്കുകൾ–പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടൻ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാൻ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന് ലോകത്തിൽ ആദ്യമായി മീൻ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്.
ധർമൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തിൽ ധർമജന് ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാൻ പോകുന്നു. നാദിർഷായും ദിലീപും കൂടി കളമശേരിയിൽ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവൻ മീൻ കച്ചവടത്തിനു ഇറങ്ങുകയാണ്.
പിഷാരടി മീൻ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടിൽ വളർന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവർക്കും മീൻ കറി വിളമ്പുമ്പോൾ പിഷാരടിക്ക് മാത്രം വെജിറ്റബിൾ. അങ്ങനെയുള്ള ആൾ എങ്ങനെ മീൻ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം. അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോൾ ഞാൻ പറഞ്ഞു, അവൻ സൈക്കിളിലിരിക്കും ഞാൻ കോട്ടണിഞ്ഞ് മീൻ മീൻ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്നു.
ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല് ഭാവിയിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൈക്കിളിൽ ‘പെടക്കണ ചാളയുണ്ട്’ എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിനു തുടക്കം കുറിച്ച ധർമജനും ധർമജന്റെ പാത തുടരുന്ന പിഷാരടിക്കും പ്രസാദ് ഏട്ടനും എല്ലാ ആശംസകളും.