അഭ്യൂഹങ്ങൾക്കും ആരാധകരുടെ സംശയങ്ങൾക്കും അവസാനമായി. തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലാണ് സാമന്ത താനും ഭർത്താവും പിരിയാൻ തീരുമാനിച്ചത് ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇരുവരും വിവാഹമോചിതരാകാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. എന്നാൽ, ഇരുവരും ഒരേ രീതിയിലുള്ള വാർത്താക്കുറിപ്പ് പങ്കുവെച്ചാണ് തങ്ങൾ വേർപിരിയൽ തീരുമാനം ആരാധകരെ അറിയിച്ചത്.
‘ഞങ്ങളുടെ എല്ലാ അഭ്യുപദകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങളുടെ സ്വന്തമായ വഴികളെ പിന്തുടരാൻ ഞങ്ങൾ ഭാര്യ – ഭർത്താവ് എന്ന നിലയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഇത് ഞങ്ങൾക്കിടയിൽ നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിഷമമേറിയ സമയത്ത് ഞങ്ങൾക്ക് പിന്തുണ നൽകണമെന്ന് ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. മുന്നോട്ട് പോകാനാവശ്യമായ സ്വകാര്യത നൽകണമെന്നും അഭ്യർത്ഥിക്കുന്നു.’ – താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
View this post on Instagram
View this post on Instagram
അടുത്തിടെ സാമന്ത സോഷ്യൽ മീഡിയയിൽ സാമന്ത നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി എന്നഭാഗം ഒഴിവാക്കി റൂത്ത് പ്രഭു എന്ന് തന്നെയാക്കിയിരുന്നു. ഇതോടെയാണ് താരങ്ങൾ വേർപിരിയാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുകയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ ഇരുവരും അറിയിക്കുകയായിരുന്നു. ഗൗതം മോനോന്റെ തെലുഗു ചിത്രമായ ‘യേ മായ ചേസാവെ’യിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. 2017 ഒക്ടോബറിൽ ഇവർ വിവാഹിതരാകുകയും ചെയ്തു. ഇപ്പോൾ ഇതാ, നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചിരിക്കുകയാണ്.