അല്ലു അർജുൻ നായകനായി എത്തിയ സിനിമ പുഷ്പ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. പുഷ്പ സിനിമയെയും സിനിമയിലെ അഭിനയത്തിന് അല്ലു അർജുനെയും അഭിനന്ദിച്ചുള്ള സാമന്തയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് സാമന്ത അല്ലുവിനെയും സിനിമയെയും വാനോളം വാഴ്ത്തി എത്തിയത്.
‘ഇത് ഒരു അല്ലു അർജുൻ അഭിനന്ദന പോസ്റ്റാണ്’ എന്ന വരികളോടെയാണ് സാമന്തയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘ഇത് ഒരു അല്ലു അർജുൻ അഭിനന്ദന പോസ്റ്റാണ്. ഓരോ സെക്കൻഡും നിങ്ങളെ ആകർഷിക്കുന്ന ഒരു പ്രകടനം. ഒരു നടൻ വളരെ നല്ലവനാകുമ്പോൾ എനിക്ക് എല്ലായ്പ്പോഴും പ്രചോദനം ലഭിക്കും. പുഷ്പയിൽ എനിക്ക് അതായിരുന്നു അല്ലു അർജുൻ.’ സാമന്ത കുറിച്ചു.
അല്ലു അർജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലും പുഷ്പയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ് ‘പുഷ്പ: ദി റൈസ്’. സാമന്ത ചിത്രത്തിൽ ഒരു ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഈ ഒരു ഐറ്റം നമ്പറിനു വേണ്ടി മാത്രം സാമന്ത ഒന്നരകോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. സാമന്ത ആദ്യം ഗാനം നിരസിച്ചതായി പുഷ്പയുടെ സംവിധായകൻ സുകുമാർ ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് പുഷ്പ ദ റൈസ് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
View this post on Instagram