കരിയറിലെ ആദ്യ ഡാൻസ് നമ്പറിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് നടി സാമന്ത റൂത്ത് പ്രഭു. അല്ലു അർജുൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് സാമന്തയുടെ ഡാൻസ് നമ്പരും ഉണ്ടാകുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തിങ്കളാഴ്ചയാണ് ഈ വാർത്ത പുറത്തുവിട്ടത്. പുഷ്പയിലെ ഗാനം സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പർ ആയിരിക്കും. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകർ.
മൈത്രി മൂവി മേക്കേഴ്സ് തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്പെഷ്യൽ ആണെന്നും അതിന് വളരെ സ്പെഷ്യൽ ആയ ഒരാൾ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവർത്തകർ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാൻസ് നമ്പർ ആയിരിക്കും ഇതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തിൽ അല്ലു അർജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകർക്ക് എക്കാലവും ഓർമിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മൈത്രി മൂവി മേക്കേഴ്സ് വ്യക്തമാക്കുന്നു.
അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു വേണ്ടി സാമന്ത ഒന്നര കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബജറ്റ് ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രമായ പുഷ്പ. അതുകൊണ്ടു തന്നെ സാമന്തയുടെ പ്രതിഫല തുകയും ചർച്ചയായിരിക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, രണ്ട് ഭാഷകളിലായാണ് റിലീസിന് തയ്യാറെടുക്കുന്നത്. ആദ്യഭാഗത്തിന്റെ പേര് ‘പുഷ്പ : ദ റൈസ്’ എന്നാണ്. ഇത് ഡിസംബറിൽ തിയറ്ററുകളിൽ എത്തും.