തീവണ്ടിയിൽ ടോവിനോയുടെ നായികയായി വമ്പൻ വിജയം കുറിച്ച സംയുക്ത മേനോൻ നായികയാകുന്ന ലില്ലി നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുവാൻ വേണ്ടി E 4 എന്റർടൈൻമെന്റ് മുന്നിട്ടിറങ്ങുന്ന E 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ നവാഗതനായ പ്രശോഭ് വിജയ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ലില്ലി. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ പൊതുവെ കുറവുള്ള മലയാളത്തിൽ ശക്തമായൊരു കഥാതന്തുവുമായാണ് ലില്ലി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറുകളും പോസ്റ്ററുകളും പ്രേക്ഷകന് വേറിട്ടൊരു കാഴ്ച തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന ഉറപ്പ് തരുന്നുണ്ട്. ലില്ലി എന്ന ഗർഭിണിയായ കേന്ദ്രകഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലില്ലിയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന ഒട്ടു മിക്കവരും പുതുമുഖങ്ങൾ ആണെന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്. വയലൻസ് അധികമായതിനാൽ തന്നെ ചിത്രത്തിന് അഡൽറ്റ് സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പുതുമുഖങ്ങളും പുതുമകളുമായി ലില്ലി നാളെയെത്തുമ്പോൾ പ്രേക്ഷകരും പുതിയ കാഴ്ചകൾ കാണാൻ തയ്യാറായി ഇരിക്കുകയാണ്.