ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ. ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ് ടെന്നിസ് അസോസിയേഷൻ റാങ്കിങ്ങിൽ മുപ്പത്തിനുള്ളിൽ എത്തിയ ആദ്യതാരമായും സാനിയ ശ്രദ്ധേയയായി. ഇപ്പോഴിതാ താരം ടെന്നീസിൽ നിന്നും വിരമിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശരീരം പഴയത് പോലെ കളിക്കുവാൻ അനുവദിക്കുന്നില്ലായെന്നും മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ടുള്ള യാത്രകളും ബുദ്ധിമുട്ടേറിയതാണെന്ന് താരം പറയുന്നു. ഇനി കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കണമെന്നും താരം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ തോൽവി രുചിക്കേണ്ടി വന്ന സാനിയ 2020 തന്റെ അവസാനത്തെ സീസൺ ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സാനിയ തന്റെ ആറാം വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു. 1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണിൽ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങിൽ വൻമുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ. എന്നാൽ നാലാം റൌണ്ട് പോരാട്ടത്തിൽ ആ സമയത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യൻ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് നേടി.
2010 ഏപ്രിൽ 12-ന് സാനിയ പാകിസ്താൻ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു. ഇരുവർക്കും ഇഷാൻ മിർസ മാലിക് എന്നൊരു മകനുണ്ട്. ̈2015 ൽ സാനിയ മിർസയ്ക്ക് ഖേൽരത്ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു.