ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില് ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമയിൽ മികച്ച രീതിയിൽ ശോഫിക്കാൻ സാധിച്ചുവെങ്കിലും വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു താരം കൂടിയാണ് സാനിയ. പ്രായത്തിന് ചേരാത്ത തരത്തിലുള്ള കമന്റുകൾ ആണ് സാനിയക്ക് കേൾക്കേണ്ടി വന്നിരിക്കുന്നത്. ആദ്യമൊന്നും താരം പ്രതികരിച്ചില്ല എങ്കിലും പിന്നീട് താരം ശബ്ദമുയർത്തി തുടങ്ങി. എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് എന്നാണ് താരം പറയുന്നത്. കേരളകൗമുദി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ:
ഒരു വ്യക്തി എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അയാളുടെ സ്വാതന്ത്ര്യമാണ്. അവർ എന്ത് വസ്ത്രം ധരിക്കുന്നു എന്നുളളതല്ല, മറിച്ച് മറ്റുള്ളവർ അവരെ എങ്ങനെ നോക്കി കാണുന്നു എന്നതിലാണ് പ്രശ്നം. കാഴ്ചപ്പാട് ആണ് മാറേണ്ടത്. കൂടാതെ മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരിയാണെന്നുളള ധാരണയും മാറണം.
തുറന്ന് പ്രതികരിച്ചാൽ സിനിമയിൽ അവസരം കിട്ടുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. തെറ്റ് കണ്ടാൽ പ്രതികരിക്കും. അമ്മയ്ക്ക് അറിയാം എന്നെ. എന്നാൽ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നത് അച്ഛനായിരുന്നു. സംവിധായകരൊക്കെ എന്ത് കരുതുമെന്നോർത്തായിരുന്നു അത്. വാക്ക് കൊണ്ട് മാത്രമല്ല വേണ്ടി വന്നാൽ കൈയൂക്ക് കൊണ്ടും ഒരു പൂവാലനെ നേരിടാനുള്ള തന്റേടമുണ്ട്. അമ്മ യോഗ ടീച്ചറാണ്. ചെറുപ്പം മുതലെ യോഗ പഠിക്കുന്നുണ്ട്. ശരീരം നന്നായി വഴങ്ങും. അതിന്റെ ആത്മവിശ്വാസം എനിക്കുണ്ട്.